സ്കൂള്‍ രേഖകള്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കിയതിന്റെ Circular Proceedigs Application ഫോം .....

ON LINE DATE OF BIRTH CORRECTION APPLICATION

Friday, January 13, 2012

വെളിയനാട് സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം

പിറവം: വെളിയനാട് സെന്റ് പോള്‍സ് ഹൈസ്‌കൂളിന്റെ
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 12, 13 തീയതികളില്‍ സമാപിക്കും. 1937ല്‍
തളിയച്ചിറയില്‍ ഇട്ടന്‍ കുര്യന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി സ്ഥാപിച്ച
ലോവര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1942ലാണ് മലങ്കര കത്തോലിക്ക സഭയുടെ
അധീനതയിലായത്. തിരുവല്ല രൂപതാധ്യക്ഷനായിരുന്ന മാര്‍ സേവേറിയോസ്
മെത്രാപ്പോലീത്തയാണ് ഇതിന് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ വെളിയനാട്ടില്‍
ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിച്ചതും അക്കാലത്താണ്.


സഭയുടെ തിരുവനന്തപുരം രൂപതാധ്യക്ഷനായിരുന്ന മാര്‍ ഈവാനിയോസ്
മെത്രാപ്പോലീത്ത സ്‌കൂള്‍ സന്ദര്‍ശിച്ച് അതിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍
അനുമതി നല്‍കി. 1952ല്‍ ആദ്യ എസ്എസ്എല്‍സി ബാച്ച് പുറത്തിറങ്ങി. 2003ല്‍ ഈ
വിദ്യാലയം സഭയുടെ മൂവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ
കീഴിലായി. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി 450ലേറെ കുട്ടികള്‍
പഠിക്കുന്ന വിദ്യാലയം എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്‌കൂളാണ്.


2011 ജനവരിയില്‍ വിളംബര റാലിയോടെയാണ് സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങള്‍
ആരംഭിച്ചത്. പൂര്‍വ വിദ്യാര്‍ഥി സംഗമം, കലാസാഹിത്യ ശില്പശാല, വ്യക്തിത്വ
വികസന ബോധവത്കരണ ക്ലാസുകള്‍, ഫിലിം ഫെസ്റ്റിവല്‍, ശാസ്ത്രപ്രദര്‍ശനം,
കാര്‍ഷിക പ്രദര്‍ശനം, സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങി ഒട്ടേറെ പരിപാടികള്‍
നടന്നു.


പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന യോഗം, പൂര്‍വ വിദ്യാര്‍ഥിസംഗമം
എന്നിവ 12, 13 തീയതികളില്‍ നടക്കും. വ്യാഴാഴ്ച വൈകിട്ട് 5.30ന് സമാപനയോഗം
മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത
ഉദ്ഘാടനംചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരക സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ നിര്‍വഹിക്കും.
ശബരി ബാലകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്‌സംബന്ധിച്ച പ്രഖ്യാപനം
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി നടത്തും. ജൂബിലി
സ്മരണികയുടെ പ്രകാശനം സ്വാമിനി നിരഞ്ജനാനന്ദ നിര്‍വഹിക്കും.


13ന് വൈകിട്ട് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടെ പ്ലാറ്റിനം
ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും. കാഞ്ചികാമകോടിപീഠം ആസ്ഥാന വിദ്വാന്‍പദവി
ലഭിച്ച സോപാന സംഗീതജ്ഞന്‍ തിരുമറയൂര്‍ ഗിരിജന്‍ മാരാരെ യോഗത്തില്‍
അനുമോദിക്കും.